Press Club Vartha

എസ്‌ഐആറില്‍ തടസ്സം പാടില്ല; സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും തടസ്സമില്ലാതെ എസ്‌ഐആര്‍ പൂര്‍ത്തീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്ഐആര്‍ പൂര്‍ത്തീകരിക്കുന്നതില്‍ യാതൊരു തടസ്സവും സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും മുഴുവന്‍ സംസ്ഥാനങ്ങളും ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പശ്ചിമ ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം.

കേരളം ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ എസ്ഐആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിലൊന്നാണ് പശ്ചിമ ബംഗാളിലേതും. എസ്‌ഐആറുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉത്തരവുകളോ വിശദീകരണങ്ങളോ ആവശ്യമുണ്ടെങ്കില്‍ കോടതി നല്‍കുമെന്നും എന്നാല്‍ എസ്ഐആര്‍ പ്രക്രിയയ്ക്ക് യാതൊരു തടസ്സവും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയുണ്ടായി.

പശ്ചിമ ബംഗാളിലെ എസ്ഐആര്‍ സമയപരിധി ഒരാഴ്ച കൂടി കോടതി നീട്ടിനല്‍കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം കേള്‍ക്കവേയാണ് കോടതിയുടെ സുപ്രധാന നിര്‍ദേശം വന്നത്. തങ്ങളുടെ നടപടികളെ ന്യായീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബംഗാള്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങളോട് പൂര്‍ണമായി സഹകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.

Share This Post
Exit mobile version