Press Club Vartha

‘ഇത് ലജ്ജാകരം; അല്‍പമെങ്കിലും വസ്തുതാപരമായ കാര്യങ്ങള്‍ ചെയ്യൂ’; മാധ്യമങ്ങളോട് ക്ഷുഭിതരായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയുടെ ജീവനക്കാരെ പോലെ പെരുമാറരുതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ നിഷ്പക്ഷരായിരിക്കണമെന്നും ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തി ലജ്ജാകരമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങള്‍ ചെയ്യുവെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാക്കുകള്‍ അതേപടി ഏറ്റുപിടിച്ച് ഷോകള്‍ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും മാധ്യമങ്ങള്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവകാശലംഘന നോട്ടീസിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് രാഹുലിന്റെ ക്ഷോഭത്തേടെയുള്ള പ്രതികരണം.

കേന്ദ്ര ബജറ്റിലെ ചര്‍ച്ചയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പാര്‍ലമെന്റില്‍ കനത്ത വാഗ്വാദങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലെ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ ക്ഷുഭിതനായത്.

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ സര്‍ക്കാര്‍ ഭാരതമാതാവിനെ വിറ്റു എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ കരാര്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള കീഴടങ്ങലാണെന്നും ഊര്‍ജ്ജ സുരക്ഷ യുഎസിന് അടിയറവ് വെച്ചുകൊണ്ട് കര്‍ഷകരുടെ താത്പര്യങ്ങള്‍ ബലികഴിച്ചുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കിരണ്‍ റിജിജു വാര്‍ത്താ സമ്മേളനത്തില്‍ തിരിച്ചടിച്ചു.

Share This Post
Exit mobile version