
കാത്തുകാത്തിരുന്ന് കിട്ടിയ ഒരു ലോകകപ്പ് അവസരം. ലോകകപ്പിലെ ആദ്യത്തെ മത്സരം. തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യത്തെ യാത്ര അതിമനോഹരമാക്കുകയായിരുന്നു സഞ്ജു വി സാംസണ്‍ എന്ന മലയാളികളുടെ അഭിമാനം. ക്യാപ്റ്റന്റെ വാക്ക് അന്വര്‍ത്ഥമാക്കുന്ന തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗ്. സ്‌ഫോടനാത്മക ബാറ്റര്‍ അഥവാ എക്‌സ്‌പ്ലോസീവ് എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനെ മത്സരത്തിന് തൊട്ടുമുന്‍പ് വിളിച്ചത് വെറുതെയായില്ല. ടോസിനു പിന്നാലെ കളത്തിലെത്തിയ സഞ്ജു അവിടെ തീര്‍ത്തത് അക്ഷരാര്‍ത്ഥത്തില്‍ സ്‌ഫോടനാത്മകമായ ഒരിന്നിംഗ്‌സ് തന്നെയായിരുന്നു. എന്നിട്ടും എന്ത് സംഭവിച്ചു. തകര്‍ത്തു കളിച്ച സഞ്ജുവിന് പക്ഷേ, ഒടുക്കം തന്റെ സ്ഥിരം നിര്‍ഭാഗ്യ പൂര്‍ണമായ ദുരന്തപര്യവസായി തന്നെയായിരുന്നു. നമീബിയയ്‌ക്കെതിരെ തന്റെ ആദ്യത്തെ ലോകകപ്പ് അവസരം സഞ്ജു അങ്ങനെ അവിസ്മരണീയമാക്കി.
ഒന്ന്, രണ്ട്, മൂന്ന്, നാല്…! പന്തുകള്‍ തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് പാഞ്ഞു. സ്റ്റേഡിയം ആര്‍ത്തിരമ്പി. അതിനു മുന്‍പ്., ശാന്തതയായിരുന്നു സഞ്ജുവിന്റെ തുടക്കം. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിനിറങ്ങുമ്പോള്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഇഷാന്‍ കിഷനും നോണ്‍ സ്‌ട്രൈക്കര്‍, എന്‍ഡില്‍ സഞ്ജുവുമായിരുന്നു ഇന്ത്യയ്ക്കായി ഓപ്പണിംഗ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ സഞ്ജു സ്‌ട്രൈക്കിംഗ് എന്‍ഡില്‍. പക്ഷേ, അടുത്ത മൂന്നു പന്തുകളും സഞ്ജുവിന് തൊടാനായില്ല. ആരാധകര്‍ നിരാശരായി. ഇതാ സ്വപ്‌ന തുല്യമായ അവസരം കിട്ടിയിട്ടും നിരാശപ്പെടുത്തുമോ എന്നായി സംശയം. പക്ഷേ, സഞ്ജുവിന് ഒരു താളം കിട്ടാനുണ്ടായിരുന്നു. റൂബന്‍ ട്രംപല്‍മാന്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്ത്. ട്രംപല്‍മാന്റെ ഡെലിവറി അതിലും വേഗത്തില്‍ അതിര്‍ത്തിക്കു മുകളിലൂടെ പാഞ്ഞു. സിക്‌സര്‍. കാലം അടയാളപ്പെടുത്തി ലോകകപ്പിലെ തന്റെ ആദ്യത്തെ മത്സരത്തില്‍ സിക്‌സറിലൂടെ അക്കൗണ്ട് തുറന്ന സഞ്ജുവിനെ.
രണ്ടാം ഓവര്‍ എറിയാനെത്തിയത് ബെന്‍ ഷിക്കോംഗോ. ആദ്യ രണ്ടു പന്തുകള്‍ നേരിട്ട ഇഷാന്‍, രണ്ടാം പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് സഞ്ജുവിന് കൈമാറി. പിന്നീടാണ് ദി റിയല്‍ എക്‌സ്‌പ്ലോസീവ് സഞ്ജുവിനെ ആരാധകരും ഇന്ത്യയും നമീബിയയും കണ്ടത്. ഷിക്കോംഗോയുടെ മൂന്നാം പന്ത് അതാ പറക്കുന്നു അതിര്‍ത്തി വരയുടെ മുകളിലൂടെ. കഴിഞ്ഞിട്ടില്ല രാമാ.. അടുത്ത പന്ത് ഗാലറിയിലെത്തി. ഹാട്രിക് സിക്‌സ്. തൊട്ടടുത്ത പന്ത് ബൗണ്ടറി. ഏഴു പന്തില്‍ നാലു പന്തും അതിര്‍ത്തി കടത്തി സഞ്ജുവിന് 22 റണ്‍സ്.
പക്ഷേ.. അടുത്ത പന്ത് പിഴച്ചു. ഫ്‌ലിക്ക് ചെയ്ത പന്ത് ഡീപ് മിഡ് വിക്കറ്റില്‍ ലോറന്‍ സ്റ്റീന്‍കാംപിന്റെ കയ്യില്‍ വിശ്രമിച്ചു. സഞ്ജു ഔട്ട്. ആരാധകര്‍ തലയില്‍ കൈവച്ചു. നല്ല തുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. എങ്കിലും മികച്ചൊരു കാമിയോ പ്രകടനം കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.