Press Club Vartha

കോടതി വിധിക്ക് ട്രംപിന്റെ മറുപടി; ആഗോള തീരുവ 15 ശതമാനമാക്കി; സുപ്രീംകോടതി വിധിയെ പരിഹസിച്ച് ട്രംപ്

വാഷിംഗ്ടണ്‍: രാജ്യങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ പകരച്ചുങ്കം യു.എസ് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ആഗോള ഇറക്കുമതി തീരുവ പിന്നേയും വര്‍ധിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. സുപ്രീംകോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, ആഗോള ഇറക്കുമതിത്തീരുവ 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. തന്റെ രണ്ടാം ഊഴത്തിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക പരിഷ്‌കാരത്തിന് കോടതി തടയിട്ടതിലുള്ള കടുത്ത പ്രതിഷേധമായാണ് ഈ നീക്കം.

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ വ്യാപകമായ ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രസിഡണ്ടിന്റെ അധികാരം ചോദ്യംചെയ്ത സുപ്രീംകോടതി വിധിയെ ട്രംപ് പരിഹസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ കോടതി വിധി യു.എസ് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

കോടതി വിധി പ്രസിഡന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തിയെങ്കിലും, നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ട മറ്റ് മാര്‍ഗങ്ങളിലൂടെ നികുതി വര്‍ധന നടപ്പിലാക്കാനാണ് ട്രംപിന്റെ തീരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 10 ശതമാനം നികുതിക്ക് പകരം, ‘നിയമപരമായി അനുവദനീയമായ’ 15 ശതമാനം നിരക്കാണ് ഇനി ഈടാക്കുക. വരും മാസങ്ങളില്‍ കൂടുതല്‍ കടുത്ത നികുതി നടപടികള്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Share This Post
Exit mobile version