Press Club Vartha

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടു. അന്താരാഷ്ട്ര നയതന്ത്ര തലത്തില്‍ അതിനിര്‍ണായകമായ തീരുമാനമാണ് ഇറാനിയന്‍ യുദ്ധക്കപ്പലിന് ഇന്ത്യന്‍ തീരത്ത് നങ്കൂരമിടാന്‍ അവസരം ഒരുക്കിയത്. ഇന്ത്യയിലാകെ പല തീരങ്ങളിലായി
നങ്കൂരമിടുന്ന മൂന്നാമത്തെ ഇറാനിയന്‍ കപ്പലാണ് ഐആര്‍ഐഎസ് ലവാന്‍. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഐആര്‍ഐഎസ് ലവാന്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. നങ്കൂരമിടാന്‍ അനുമതി തേടി ഐആര്‍ഐഎസ് ലവാന്‍ നേരിട്ട് ബന്ധപ്പെടുകയായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാന്റെ മറ്റൊരു പടക്കപ്പലായ ഐആര്‍ഐഎസ് ദേന ശ്രീലങ്കന്‍ തീരത്തിനടത്ത് തകരുന്നതിനു മുമ്പാണ് ഐആര്‍ഐഎസ് ലവാന്‍ നങ്കൂരമിടാന്‍ ബന്ധപ്പെട്ടതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ നിലപാട് സ്വീകരിക്കാനെടുത്ത കാലതാമസം അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇറാന്‍ കപ്പലിന് ഇന്ത്യയില്‍ അഭയം നല്‍കിയിരിക്കുന്നത്. വിശാഖപട്ടണത്തില്‍ നടക്കുന്ന നാവികാഭ്യാസത്തില്‍ ഐആര്‍ഐഎസ് ലവാനും പങ്കെടുത്തിരുന്നു. കപ്പലിന് സാങ്കേതിക തകരാറുണ്ടെന്നും കൊച്ചി തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കണമെന്നും ഫെബ്രുവരി 28ന് തന്നെ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. ഈ അനുമതിക്ക് പിന്നാലെയാണ് മാര്‍ച്ച് നാലിന് ഇറാനിയന്‍ പടക്കപ്പല്‍ ഇന്ത്യയില്‍ നങ്കൂരമിട്ടത്.

കഴിഞ്ഞ ദിവസമാണ് ഐആര്‍ഐഎസ് ദേന ശ്രീലങ്കയുടെ ദക്ഷിണ തീരത്ത് തകര്‍ന്നത്. യുഎസ് അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പിഡോ ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. 87 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരുക്കേറ്റതായും ബാക്കിയുള്ള 60ഓളം പേര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാനുഷികപരിഗണനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തിന് ശ്രീലങ്കന്‍ നാവികസേനയ്ക്ക് സഹായം നല്‍കിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു.

Share This Post
Exit mobile version