
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ ശക്തം. രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്തതിന് പിന്നാലെ രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോകുമെന്ന സൂചനകള്‍ ശക്തമായി വരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രതിസന്ധിക്ക് കുറേക്കൂടി ആക്കം കൂട്ടി ഛദ്ദ ബിജൈപിയിലേക്ക് പോകുമെന്ന സൂചന വരുന്നത്. രാഘവ് ഛദ്ദയ്ക്ക് പിന്തുണയുമായി ബിജെപി നേതാക്കളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി എഎപി രംഗത്തെത്തി. ഛദ്ദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നത് കിംവദന്തികള്‍ മാത്രമാണെന്ന് അദ്ദേഹത്തിന് പകരം രാജ്യസഭ ഡെപ്യൂട്ടി ലീഡറായ അശോക് മിത്തല്‍ പ്രതികരിച്ചു. രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്തതിന് പിന്നാലെ രാഘവ് ഛദ്ദ സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ പ്രതികരണമറിയിച്ചിരുന്നു.
നിശബ്ദനാക്കാം പക്ഷേ, തോല്‍പ്പിക്കാനാകില്ല എന്നാണ് രാഘവ് ഛദ്ദ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. ഇതാണ് ആംആദ്മിക്കുള്ള തന്റെ സന്ദേശമെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിനുപിന്നാലെ രാഘവ് ഛദ്ദയെ അഭിനന്ദിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. രാഘവ് ഛദ്ദ വളരെ മുന്‍പുതന്നെ മൗനം വെടിയേണ്ടതായിരുന്നുവെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്ദേവ പറഞ്ഞു.
രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെടുത്ത തീരുമാനമാണ്. എല്ലാപാര്‍ട്ടികള്‍ക്കും അത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, രാഘവ് ഛദ്ദയ്ക്ക് സംസാരിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭ സെക്രട്ടറിയേറ്റിന് കത്തെഴുതിയത് എതിര്‍ക്കപ്പെടേണ്ടതാണ്. അരവിന്ദ് കെജ്രിവാള്‍ ഒരു ദുര്‍ബലനാണ്. മറ്റുള്ളവരുടെ കഴിവുകളില്‍ അദ്ദേഹത്തിന് ഭയമാണെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
അതേസമയം, രാഘവ് ഛദ്ദയെ വലയിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടാകാം എന്നരീതിയിലാണ് ആംആദ്മി നേതാവും ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവുമായ അതിഷി പ്രതികരിച്ചത്. പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപിക്ക് ഒരു ‘സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്’ നടപടിക്രമമുണ്ട്. ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും ബിജെപി ഇത് ഉപയോഗിക്കുന്നു. ഇത് ചില നേതാക്കളില്‍ ഭയവും സമ്മര്‍ദവുമുണ്ടാക്കാം. അല്ലെങ്കില്‍ ചിലര്‍ പ്രലോഭനങ്ങളില്‍ വീണുപോകാം. അങ്ങനെ അവര്‍ പാര്‍ട്ടിമാറാം. ഒരുപക്ഷേ, രാഘവ് ഛദ്ദയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നുണ്ടാകാമെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.