Press Club Vartha

എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തിയിരിക്കുകയാണ്. ഇതിനിടെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് മോദിയുടെ പ്രധാന പ്രചാരണ പരിപാടികൾ. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉച്ചയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്കായി പോകും. തിരുവല്ലയിലെ പരിപാടിക്ക് ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കുക.

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ വഴി ചങ്ങനാശ്ശേരി കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം തിരുവല്ലയില്‍ എത്തും. വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് ജംഗ്ഷന്‍, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, ചൂരക്കാട്ട് പാളയം, ചെമ്പ് പണിപ്പുര, കിളളിപ്പാലം, കരമന, കല്‍പാളയം, നീറമണ്‍കര, പാപ്പനംകോട് റോഡിലും കരമന, കുഞ്ചാലമൂട്, പൂജപ്പുര, ജഗതി, ഡിപിഐ, വിമന്‍സ് കോളേജ് റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ റോഡുകളുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന കൈമനം പൂജപ്പുര, അട്ടക്കുളങ്ങര, തമ്പാനൂര്‍, തൈക്കാട്, ചൂരക്കാട്ട്, പാളയം എന്നീ ഭാഗങ്ങളില്‍ നിന്നും കിളളിപ്പാലം, കരമന ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. വെള്ളയമ്പലം ഭാഗത്തു നിന്നും വഴുതക്കാട് വഴി തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം -മ്യൂസിയം -എല്‍ എം എസ് -പാളയം- സ്റ്റാച്യൂ ഓവര്‍ ബ്രിഡ്ജ് വഴി പോകേണ്ടതാണ്. പാപ്പനംകോട് ഭാഗത്ത് നിന്നും കരമന വഴി തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കൈമനം മരുതൂര്‍ കടവ് മധു പാലം-തിരുവല്ലം മണക്കാട് ഭാഗത്തേക്ക് പോകേണ്ടതാണെന്നും നിർദേശങ്ങളിൽ പറയുന്നു.

Share This Post
Exit mobile version