
ടെഹ്‌റാന്‍: ഇറാന്‍ തകര്‍ത്ത എപ്-15 ഇ യുദ്ധവിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട സഹപൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ യുഎസിന് കനത്ത തിരിച്ചടി നല്‍കിയെന്ന് അവകാശപ്പെട്ട് ഇറാന്‍. യുഎസിന്റെ ഒരു മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറും തകര്‍ത്തെന്നാണ് ഇറാന്റെ അവകാശവാദം. ഒരു നാശനഷ്ടങ്ങളോ ആളപായമോ ഇല്ലാതെ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന അമേരിക്കന്‍ അവകാശവാദത്തിനിടയിലാണ് യുഎസ് സേനയ്ക്ക് കനത്ത പ്രഹരമേല്‍പിച്ചെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെടുന്നത്.
യുഎസ് സേനയുടെ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-130 ഇസ്ഫഹാന് തെക്ക് ഭാഗത്ത് വച്ച് വെടിവച്ചിട്ടതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ‘ഫരാജ് റേഞ്ചേഴ്സ്’ എന്ന പൊലീസ് കമാന്‍ഡോ യൂണിറ്റാണ് വിമാനം തകര്‍ത്തതെന്നും ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാദൗത്യത്തിനിടെ 5 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളും ഇസ്രയേലിന്റെ ഒരു ഡ്രോണും വെടിവെച്ചുവീഴ്ത്തിയതായി ഇറാന്‍ അവകാശപ്പെടുന്നു. ഇറാന്‍ സായുധസേനയുടെ കേന്ദ്രആസ്ഥാനമായ ഖതം അല്‍ അന്‍ബിയയുടെ വക്താവാണ് സൈനികനെ രക്ഷിക്കാനുള്ള യുഎസ് നീക്കത്തെ ഇറാന്‍ പ്രതിരോധിച്ചതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.
തെക്കുപടിഞ്ഞാറന്‍ കൊഹ്ഗിലുയേഹ് ആന്‍ഡ് ബൊയേര്‍ അഹമ്മദ് പ്രവിശ്യയിലെ കൗ ഇ സിയാ പ്രദേശത്താണ് കഴിഞ്ഞ ദിവസം രാത്രി അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളെ ഉദ്ധരിച്ച് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് യുഎസ് യുദ്ധവിമാനമായ എഫ് 15 ഇ ഈഗിള്‍ സ്ട്രൈക്സിനെ ഇറാന്‍ വെടിവെച്ച് വീഴ്ത്തിയത്. പൈലറ്റും വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇതിലൊരാള്‍ രക്ഷപ്പെട്ടെങ്കിലും രണ്ടാമനെ കാണാതാവുകയായിരുന്നു.
ഇറാനിയന്‍ അധികൃതരുടെ പിടിയില്‍ പെടാതെ ഒളിച്ചിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെയാണ് യുഎസ് രക്ഷിച്ചത്. ഇദ്ദേഹത്തെ ഇറാനില്‍നിന്ന് പുറത്തു കൊണ്ടുവരുകയും ചെയ്തിരുന്നു. സൈനികനെ കണ്ടെത്തിയതും അദ്ദേഹത്തെ തിരികെയെത്തിച്ചതും സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു.