
കൊച്ചി: ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ തികച്ചും അടിസ്ഥാനരഹിതരമായ വ്യാജ ആരോപണമാണ് ഇയാൾ ഉന്നയിച്ചിരിക്കുന്നതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.
ഹരിയാനയിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നാണ് ഹരിയാന സ്വദേശി ഗൗരവ് കുമാർ ആരോപിച്ചിരിക്കുന്നത്. 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.
ഹരിയാനയില്‍ 2024-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026-ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാർത്ത വരികയും ചെയ്തു. കൂടാതെ 2026 ഫെബ്രുവരി 23 ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നല്കി. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നും കെ സി വേണുഗോപാൽ പറയുന്നു.
മാത്രമല്ല യുഡിഎഫ് അധികാരത്തിൽ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീർഘകാലമായി പൊതുരംഗത്തു പ്രവർത്തിക്കുന്ന താൻ കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ യശസ് തകർക്കാൻ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
