
ആരായിരുന്നു റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി.? ഒരു ഫുട്‌ബോള്‍ താരം, മികച്ച ഗോള്‍വേട്ടക്കാരന്‍, പോളണ്ട് ഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണ്‍. വിശേഷണങ്ങള്‍ ഒരുപാടുണ്ടാകും. പക്ഷേ, ലെവന്‍ഡോവ്‌സ്‌കി ആകുക അത്ര എളുപ്പമല്ല ആര്‍ക്കും. ഏറ്റവും മൂര്‍ച്ചയേറിയ വേട്ടക്കാരന്‍ എന്ന ഖ്യാതി തന്റെ കരിയറിനിടയില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ഫുട്‌ബോള്‍ ലോകം ചാര്‍ത്തിക്കൊടുത്തത് വെറുതെയല്ല. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാണ് ലെവന്‍ഡോവ്‌സ്‌കി. ഒരേസമയം, മധ്യനിരയില്‍ കളി മെനയുമ്പോള്‍ തന്നെ എതിര്‍ പാളയത്തിന്റെ പ്രതിരോധ നിരയിലെ കാണാക്കോണുകളിലെ പിഴവ് കണ്ടെത്തി അവിടെ നുഴഞ്ഞു കയറി പ്രതിരോധക്കോട്ടയില്‍ വിള്ളലുണ്ടാക്കുന്ന ഒന്നാന്തരം പോരാളിയാണ് അയാള്‍. അത്തരത്തിലൊരു പോരാളിയെ ഈ ലോകകപ്പിന് നഷ്ടമാകാന്‍ പോകുകയാണ്.
ഈവര്‍ഷത്തെ ലോകകപ്പില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്ന മാന്ത്രികന്റെ മിടുക്കുകള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാനാകില്ല. കാരണം, ലോകകപ്പിന് യോഗ്യത നേടാനാകാതെ പോളണ്ട് പുറത്തായിരിക്കുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്‌റ്റോക്‌ഹോമില്‍ നടന്ന പ്ലേഓഫ് മത്സരത്തില്‍ പോളണ്ട് സ്വീഡനോട് തോറ്റ് പുറത്താകുമ്പോള്‍ എരിഞ്ഞു തീരുന്നത്, ലോകകപ്പില്‍ കളിച്ചു വിടവാങ്ങാമെന്ന ലെവന്‍ഡോവ്‌സ്‌കി എന്ന 36കാരന്റെ സ്വപ്‌നങ്ങളാണ്. അവിടെ നഷ്ടമാകുന്നത് നല്ല ഫുട്‌ബോളിനെ പ്രേമിക്കുന്ന ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷകളാണ്. സ്വീഡനുമായുള്ള പ്ലേഓഫ് മത്സരത്തില്‍ പരാജിതനായി കണ്ണീരോടെ മൈതാനത്ത് നിന്ന് മടങ്ങുന്ന ചിത്രം ഏതൊരു ഫുട്‌ബോള്‍ പ്രേമിയുടെയും നെഞ്ചില്‍ കൊളുത്തി വലിക്കും. ഒരു തീരാനോവായി അത് അവിടെ അവശേഷിക്കും.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്്കിയെ ഫുട്‌ബോള്‍ തട്ടകത്തില്‍ വേറിട്ടു നിര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം അയാള്‍ ഏതു പരിതസ്ഥിതിയോടും വളരെ പെട്ടെന്ന് ഇഴയടുപ്പത്തിലാകുന്ന ഒരു ഓള്‍ വെതര്‍ ഫുട്‌ബോളര്‍ ആയിരുന്നു എന്നതാണ്. ലോകത്തെ എല്ലാ ഫുട്‌ബോള്‍ പണ്ഡിതരും അയാളുടെ ശരീരഭാഷയ്ക്കും കളിക്കാരനെന്ന നിലയിലെ സാമ്പ്രദായിക മികവിനും നൂറില്‍ നൂറു മാര്‍ക്ക് നല്‍കിയിരുന്നു. ശത്രുപാളയത്തില്‍ ഇടിച്ചുകയറി വിടവുണ്ടാക്കി എപ്പോഴും സ്വന്തം ഇടം സൃഷ്ടിച്ചു. പ്രതിരോധത്തിലെ ചെറിയ പഴുതുകളില്‍ പോലും ഇറങ്ങിച്ചെന്ന് വിള്ളലുണ്ടാക്കി എതിരാളിയുടെ നെഞ്ച് തുളച്ചു. സ്വന്തം മധ്യനിരയില്‍ അതിമനോഹരമായി കളി മെനഞ്ഞു. അങ്ങനെ ഫുട്‌ബോള്‍ തട്ടകത്തിലെ ഏറ്റവും അപകടകാരി എന്ന ഖ്യാതി അദ്ദേഹം നേടിയെടുത്തു. തികവുറ്റ സാങ്കേതികതയും നിമിഷാര്‍ധതീരുമാന പാടവവുമാണ് ലെവന്‍ഡോവ്‌സ്‌കി എന്ന താരത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി ഫുട്‌ബോള്‍ ലോകം വാഴ്ത്തുന്നത്.
കരിയറിന്റെ ഇങ്ങേ കോര്‍ണറില്‍ എത്തിനില്‍ക്കുന്ന മുപ്പത്താറുകാരനായ ആ പോളിഷ് പടത്തലവന്‍ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. അങ്ങനെയൊരു പടിയിറക്കമാണോ അയാള്‍ അര്‍ഹിച്ചിരുന്നത്. ഗോളടിമികവില്‍ സാക്ഷാല്‍ ലിയോണല്‍ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും തൊട്ടുപിന്നിലുണ്ട് അയാള്‍. ലെവന്‍ഡോവ്‌സ്‌കിയുടെ ദൈര്‍ഘ്യമേറിയ കളിവര്‍ഷങ്ങള്‍, അവിടെ അയാള്‍ കൊയ്ത വിജയങ്ങള്‍, ഇതൊക്കെ പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാകും ഈ പടിയിറക്കം അയാള്‍ ഒരിക്കലും അര്‍ഹിച്ചിരുന്നില്ല. കളിച്ച ഏതു ക്ലബിനെയാണ് അയാള്‍ വിജയത്തിലെത്തിക്കാത്തത്. ക്ലോപ്പ്, പെപ് ഗ്വാര്‍ഡിയോള, ആഞ്ചലോട്ടി, ഹെയ്‌നക്‌സ്, കോവാക്, സാവി…. അയാളെ നിയന്ത്രിച്ച ക്ലബ് മാനേജര്‍മാരുടെ പട്ടിക നോക്കൂ. വ്യത്യസ്ത ശൈലികള്‍ പിന്തുടരുന്ന ഈ മാനേജര്‍മാരെ ഒന്നും അയാള്‍ നിരാളപ്പെടുത്തിയിട്ടില്ല.
ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയും റൊണാള്‍ഡോയും കഴിഞ്ഞാല്‍ ഗോള്‍വേട്ടയില്‍ മുന്നില്‍ റോബര്‍ട്ടോയുമുണ്ട്. 107 ഗോളുകള്‍. റൊണാള്‍ഡോയും റൊമേലു ലുകാകുവും കഴിഞ്ഞാല്‍ ഏറ്റവുമധികം ഗോളടിച്ച യൂറോപ്യന്റെ പട്ടികയിലും അയാളുണ്ട്,. 89 ഗോളുകള്‍. കളിച്ച എല്ലാ ക്ലബ്ബുകളെയും നേട്ടത്തിലെത്തിച്ച അമൂല്യതാരം. ബുണ്ടസ് ലിഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും ബയേണ്‍ മ്യൂണിക്കിനും വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവച്ചു. ഇപ്പോള്‍ ബാഴ്‌സലോണയ്‌ക്കൊപ്പം എത്തി നില്‍ക്കുന്ന ക്ലബ് കരിയര്‍. മൂന്നു ക്ലബ്ബുകള്‍ക്കായി 100 വീതം ഗോളുകള്‍ നേടിയ മഹാപ്രതിഭ. എണ്ണിത്തുടങ്ങിയാല്‍ എണ്ണമറ്റു പോകും. റോബര്‍ട്ടോ ചരിതങ്ങള്‍. അതുകൊണ്ട് തന്നെയാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി എന്ന് അടിവരയിട്ടു തന്നെ പറയുന്നത്. ഈ ലോകകപ്പിന് റോബര്‍ട്ടോ ഉണ്ടാകില്ല….!
‘ഞാനാണ് പറ്റിയ ആള്‍ എന്ന് എല്ലാവര്‍ക്കും കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് ഞാന്‍ പൊരുതുന്നത്’ എന്ന തന്റെ വാക്കുകള്‍ ഓരോ മൈതാനത്തും കാണികള്‍ക്കും പരിശീലകര്‍ക്കും ഫുട്‌ബോള്‍ ലോകത്തിനും മുന്നില്‍ തെളിയിച്ചു കൊണ്ട് തന്നെയാണ് അയാള്‍ പോകുന്നത്.