Press Club Vartha

വേണ്ടത് താത്കാലിക വെടിനിര്‍ത്തല്‍ അല്ല; സ്ഥിരമായ യുദ്ധവിരാമം; വെടിനിര്‍ത്തലിനുള്ള യു.എസ് നിര്‍ദേശം തള്ളി ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ആറാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള യു.എസ് നിര്‍ദേശങ്ങള്‍ തള്ളി ഇറാന്‍. താത്കാലിക വെടിനിര്‍ത്തല്‍ അല്ല വേണ്ടതെന്നും സ്ഥിരമായി യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. ഇനി ഒരിക്കലും ഭാവിയില്‍ ഇറാനു നേര്‍ക്ക് അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പാണ് വേണ്ടതെന്നാണ് ഇറാന്‍ നിലപാട്. അതല്ലാതെയുള്ള ഒരു വെടിനിര്‍ത്തലിനും ഇറാന്‍ തയ്യാറല്ലെന്നും ഇറാന്‍ നിലപാടറിയിച്ചിട്ടുണ്ട്.

തങ്ങളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാട് ഇറാന്‍ ആവര്‍ത്തിച്ചു. യുദ്ധത്തില്‍ തകര്‍ന്നവ പുനര്‍നിര്‍മിക്കണം. മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഒരു പ്രോട്ടോക്കോള്‍ തയ്യാറാക്കണമെന്നും ഉപരോധങ്ങള്‍ നീക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഹോര്‍മൂസ് തുറക്കാന്‍ യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അനുവദിച്ച 10 ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. യുഎസ് നിര്‍ദേശത്തിനു വഴങ്ങിയില്ലെങ്കില്‍ ഇറാനിലെ ഊര്‍ജ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പാശ്ചാത്യ സമയം ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് സൈനിക നടപടി എന്നാണ് ട്രംപ് സമയവും തീയതിയും പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനകം നിലപാട് അറിയിക്കണമെന്നും അല്ലെങ്കില്‍ ഇറാനില്‍ നരകം പെയ്യുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇത് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇറാനിലെ വിവിധ സര്‍വകലാശാലകള്‍ക്കു നേരെ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ഉണ്ടായി. ഇറാനിലെ മൂന്ന് പ്രധാന വ്ിമാനത്താവളങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങളിലും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായതായി ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ട്. സൗത്ത് പാര്‍സിലെ ഗ്യാസ് ഫീല്‍ഡിലും യു.എസ്-ഇസ്രയേല്‍ സംയുക്ത സേന അക്രമം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞമാസവും സൗത്ത് പാര്‍സിലെ ഗ്യാസ് ഫീല്‍ഡ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിന്റെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തകരാറുണ്ടായിരുന്നു.

അതേസമയം, ഇന്റലിജന്‍സ് മേധാവിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അബുദാബിക്ക് നേരെ ഇന്നും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഘാന സ്വദേശിക്കാണ് പരുക്കേറ്റത്. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈല്‍ ഭാഗങ്ങള്‍ പതിച്ചത്.

Share This Post
Exit mobile version