
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ഇറാനെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇന്ന് രാത്രിയോടെ എല്ലാത്തിനും തീരുമാനമാകുമെന്നും ഏറ്റവും സുപ്രധാനമായ മണിക്കൂറുകളാണ് വരാനിരിക്കുതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്‍റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽ സമ്പൂർണ്ണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും. വെടിനിർത്തൽ അവസാനിപ്പിക്കാനും ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകാനുമായി ട്രംപ് ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് പുതിയ ഭീഷണി സന്ദേശവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇറാൻ്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യം വെച്ച് വൻതോതിലുള്ള ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം സർവ്വ സജ്ജമായിക്കഴിഞ്ഞു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവർത്തിക്കുന്നത്.
