Press Club Vartha

പ്രതിസന്ധി അയയുന്നു; ഹോര്‍മൂസ് കടലിടുക്ക് രണ്ടുദിവസത്തിനകം തുറന്നേക്കും; കൂടിക്കാഴ്ചയ്ക്കു മുന്‍പ് തന്നെ തുറക്കാന്‍ സാധ്യത

ടെഹ്‌റാന്‍: ഒന്നരമാസത്തോളമായി ആഗോള എണ്ണ വ്യാപാര രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് അടഞ്ഞു കിടന്ന ഹോര്‍മൂസ് കടലിടുക്ക് രണ്ടുദിവസത്തിനകം തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപാധികളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും കടലിടുക്ക് തുറക്കുക. ഇറാന്‍-യുഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പായിത്തന്നെ കടലിടുക്ക് തുറക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.

കൂടിക്കാഴ്ചയില്‍ ഒരു ധാരണയുണ്ടായാല്‍ തന്നെ കടലിടുക്ക് തുറക്കുമെന്നാണ് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാ കപ്പലുകളും ഇറാനിയന്‍ സൈന്യയുമായി ഏകോപനം ഉണ്ടാകണമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പാലിക്കപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ശാശ്വതമായ സമാധനമാണ് ഇറാന്റെ ലക്ഷ്യം. എന്നാല്‍ യുദ്ധമാണ് യുഎസിന്റെ ലക്ഷ്യമെങ്കില്‍ അതിനും തങ്ങള്‍ക്ക് മടിയില്ല എന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു.

ഇറാനിയന്‍ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോര്‍മുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ഷിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ ഇറാന്റെ പത്ത് നിബന്ധനകള്‍ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവില്‍ ഒരു ബാരലിന് 90 ഡോളറായിരുന്നു.

Share This Post
Exit mobile version