
മുംബൈ: ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് ഹൃദയാഘാതം ഉണ്ടായത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഗായിക. ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ഗായികയുടെ ചെറുമകള്‍ സനായി ഭോസ്ലെ ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചു. ‘എന്റെ മുത്തശ്ശി ആശാ ഭോസ്ലെയെ അമിത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ചികിത്സ തുടരുകയാണ്, എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു, പോസിറ്റീവായിട്ടുള്ള വാര്‍ത്ത ഉടനെ അറിയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് സനാ ഭോസ്‌ലെ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ദാദാസാഹെബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ, ദേശീയ ചലചിത്ര അവാർഡുകൾ എന്നിവയ്ക്ക് അർഹയായിട്ടുണ്ട് ആശ ഭോസ്‌ലേ.
