Press Club Vartha

‘ഹോര്‍മൂസിലേക്ക് പ്രവേശിക്കുന്ന എല്ലാ കപ്പലുകളും തടയും’; ഹോര്‍മൂസ് ഉപരോധിക്കുമെന്ന് ട്രംപ്; ഇന്ധന ലഭ്യതയെ സാരമായി ബാധിക്കും

വാഷിംഗ്ടണ്‍: ഇറാനുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ലോകത്തിലെ ഏറ്റവും മികച്ച യു.എസ് നാവികസേന തടയുമെന്ന് ട്രംപ് വ്യക്തമാക്കി. ഏറ്റവും വേഗത്തില്‍ തന്നെ അത് ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താനിലെ ഇസ്ലാമാബാദില്‍ ഇറാനുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ആഗോള തലത്തില്‍ ഇന്ധന ലഭ്യതയെ സാരമായി തന്നെ ബാധിക്കുന്ന ഭീഷണി ട്രംപ് മുഴക്കിയിരിക്കുന്നത്.

തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രസ്താവന. ഒരു പോയിന്റില്‍ എല്ലാ കപ്പലുകളെയും അവിടേക്ക് പ്രവേശിക്കാനും പുറത്തു വരാനുമുള്ള തീരുമാനത്തിലെത്തിയെങ്കിലും അത് നടപ്പാക്കാന്‍ ഇറാന്‍ അനുവദിച്ചില്ലെന്നും ട്രംപ് കുറിച്ചു. ആറാഴ്ചക്കാലമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായാണ് പാകിസ്താന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നത്. ഉയര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി 21മണിക്കൂറോളം നീണ്ട ചര്‍ച്ച വിജയിക്കാത്തതിന് പിന്നാലെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഡിപ്ലോമാറ്റുകളായ സ്റ്റീവ് വിറ്റ്കോഫ്, ജാര്‍ഡ് കുഷ്നര്‍ എന്നിവരും ഞായറാഴ്ച തന്നെ പാകിസ്താനില്‍ നിന്ന് മടങ്ങിയിരുന്നു.

ചര്‍ച്ചകള്‍ പരാജയമായതോടെ കഴിഞ്ഞാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാറിന്റെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ പുതിയ പോസ്റ്റിലെ ഭീഷണി കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ചോക്ക് പോയിന്റാണ് ഹോര്‍മൂസ് കടലിടുക്ക്. ലോകത്തിലെ മുഴുവന്‍ എണ്ണയുടെയും ലിക്യുഫൈഡ് നാച്ചുറല്‍ ഗ്യാസിന്റെയും ഇരുപത് ശതമാനത്തോളം ഇതുവഴിയാണ് ഷിപ്പ്മെന്റ് ചെയ്യുന്നത്. വീണ്ടും ഉപരോധം കൊണ്ടുവരുന്നത് ആഗോള എണ്ണ വിപണയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകും.

Share This Post
Exit mobile version