Press Club Vartha

സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൌധരി നാളെ സത്യപ്രതിജ്ഞ ചെയ്യും. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പട്നയിൽ നാളെ രാവിലെ 11 മണിക്ക് ചടങ്ങ് നടക്കും.

ചൊവ്വാഴ്ച വൈകീട്ട് എന്‍ഡിഎ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യ ബിജെപി മുഖ്യമന്ത്രിയായാണ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്യുക. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ് സാമ്രാട്ട് ചൗധരി.

ഉപമുഖ്യമന്ത്രിയായ വിജയ് സിന്‍ഹയാണ് സാമ്രാട്ട് ചൗധരിയുടെ പേര് നിര്‍ദേശിച്ചത്. ഒബിസി വിഭാഗത്തില്‍നിന്നുള്ള സാമ്രാട്ട് ചൗധരി ബിഹാറില്‍ പുതിയ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. താരാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് സാമ്രാട്ട് ചൗധരി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന പേരോടുകൂടി നിതീഷ് കുമാര്‍ യുഗം അവസാനിച്ചത്. ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ടാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബിഹാറിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പുതിയ സര്‍ക്കാരിന് താന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

Share This Post
Exit mobile version