
ചെന്നൈ: വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍ നിര്‍ണയം നടത്തി ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം പുകയുന്നു. ബിജെപി കേന്ദ്രസര്‍ക്കാരിനെതിരെ തെരുവിലിറങ്ങാന്‍ തമിഴ്‌നാട് ജനതയോട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് തമിഴ്‌നാട്ടില്‍ നാളെ കരിങ്കൊടി പ്രതിഷേധം നടക്കും. എല്ലാ വീട്ടിലും കരിങ്കൊടി ഉയര്‍ത്താനാണ് സ്റ്റാലിന്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയര്‍ത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ എംപിമാര്‍ നാളെ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനിച്ചു.
മണ്ഡല പുനര്‍നിര്‍ണയത്തില്‍ തമിഴ്‌നാടിനെ കേട്ടില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി തീ കൊണ്ട് കളിക്കുകയാണെന്നും ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണെന്നും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയതിന് ദക്ഷിണേന്ത്യയെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ഭേദഗതി ബില്‍ തമിഴ്നാടിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മേല്‍ ചുമത്തിയ ‘ചരിത്രപരമായ വലിയ അനീതിണെന്നും സ്റ്റാലിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. തമിഴ്നാടിന്റെ ശബ്ദം കേള്‍ക്കാന്‍ വിസമ്മതിക്കുകയും പിന്‍വാങ്ങുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ മണ്ഡല പുനര്‍നിര്‍ണ്ണയ ഭേദഗതി ബില്ലില്‍ നിലപാട് സ്വീകരിക്കുന്നതിന് ഡിഎംകെ എംപിമാരുമായും എം.കെ സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തി. ഡിഎംകെ എംപിമാരുമായി കൂടിയാലോചിച്ച്, എല്ലാ സംസ്ഥാനങ്ങളിലെയും പാര്‍ലമെന്റ് അംഗങ്ങളുമായി ബന്ധപ്പെടുകയും ഈ ഗുരുതരമായ അപകടത്തെ നേരിടാന്‍ ഒരു ഏകോപിത തന്ത്രം ആവിഷ്‌കരിക്കുകയും ചെയ്യുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.