Press Club Vartha

നിതിന്‍ രാജിന്റെ മരണം; വകുപ്പ് മേധാവി ഡോ.എം.കെ റാം പുറത്ത്; നടപടി അതിശക്തമായ സമരത്തിനൊടുവില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയതായി മാനേജ്‌മെന്റ്. ഓറല്‍ പതോളജി ആന്‍ഡ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെയാണ് പുറത്താക്കിയത്. വിദ്യാര്‍ത്ഥികളുടെ അതിശക്തമായ സമരത്തിനൊടുവിലാണ് റാമിനെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. റാമിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് വ്യാഴാഴ്ചയും ക്യാംപസില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. വൈറ്റ് കോട്ട് ഊരിമാറ്റി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡോ.റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും റാമിനെതിരെ നടപടി ആവശ്യപ്പെട്ട് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അധ്യാപകനെ പുറത്താക്കുമെന്ന് ഇന്ന് നടത്തിയ ചര്‍ച്ചയിലും മാനേജ്‌മെന്റ് ആവര്‍ത്തിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് റാമിനെ പുറത്താക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. പിന്നീട് വൈകിട്ടോടെയാണ് പുറത്താക്കിയതായി ഉത്തരവിറങ്ങിയത്.

റാമിനെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്. റാമിനെ പുറത്താക്കാതെ ക്ലാസില്‍ കയറില്ലെന്ന നിലപാടിലായിരുന്നു ബിഡിഎസ് വിദ്യാര്‍ത്ഥികള്‍. അതേസമയം, നിതിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം നേരിടുന്ന ഡോ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍. നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം ജാതീയമായി അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. അതേസമയം, ലോണ്‍ ആപ്പില്‍ നിന്ന് പണം വായ്പ എടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share This Post
Exit mobile version