Press Club Vartha

മദ്യപാനത്തിനിടെ ഉണ്ടായ തർക്കം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദ്ദിച്ചു കൊന്നു; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ചു കൊന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. വിഴിഞ്ഞം തിരുവല്ലത്താണ് സംഭവം നടന്നത്. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിൽ സഹോദരങ്ങളായ അച്ചു എസ്. ബാബു, സൂര്യജിത്ത് അനന്ദു എന്നിവരെ വിഴിഞ്ഞം പോലീസ് പിടികൂടി.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. വിഷു ആഘോഷത്തിന്റെ ഭാഗമായി ബാറിലെത്തിയതായിരുന്നു ഇവർ. മദ്യപിക്കുന്നതിനിടെ ഉണ്ടായ ചെറിയ തർക്കം ബാറിന് പുറത്തെത്തിയതോടെ  സംഘർഷമായി മാറി. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ബാറിൽ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു. സുമൻ അബോധാവസ്ഥയിലായിട്ടും പ്രതികൾ മർദ്ദനം തുടർന്നു. കഴുത്തിന് ഇടിച്ചും നെഞ്ചത്ത് ചവിട്ടിയുമാണ് കൊലപാതകം നടത്തിയത്.

സംഭവമറിഞ്ഞെത്തിയ വിഴിഞ്ഞം പോലീസ് ഉടൻ തന്നെ സുമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ് അതിസാഹസികമായാണ് പിന്തുടർന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ പയറ്റുവിളയിൽ വെച്ചാണ് പ്രതികൾ വലയിലായത്.

സംഭവ സ്ഥലത്ത് ഫോർട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ രണ്ട് പേരെയും പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share This Post
Exit mobile version