Press Club Vartha

ഹോര്‍മൂസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിനു നേര്‍ക്ക് വെടിയുതിര്‍ത്ത് ഇറാന്‍; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം; ഹോര്‍മൂസില്‍ നിയന്ത്രണം കടുക്കുന്നു

ടെഹ്‌റാന്‍: 20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മൂസ് കടലിടുക്ക് കടക്കുകയായിരുന്ന ഇന്ത്യന്‍ എണ്ണക്കപ്പലിനു നേര്‍ക്ക് ഇറാന്‍ ആക്രമണം. ജാഗ് അര്‍ണവ് എന്ന കപ്പലിനു നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. ഹോര്‍മുസില്‍നിന്ന് രണ്ട് ഇന്ത്യന്‍ കപ്പലുകളെ തിരിച്ചുവിട്ടെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് മറ്റൊരു കപ്പലിനുനേരെ വെടിവയ്പുണ്ടായിട്ടുള്ളത്. സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ നാവികസേന വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

മാരിടൈം സെക്യൂരിറ്റിയും ഷിപ്പിങ്ങുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെ രണ്ടു കപ്പലുകളുടെ നേര്‍ക്ക് വെടിവയ്പ്പ് ഉണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മറ്റൊരു കപ്പലായ സന്‍മാര്‍ ഹെരാള്‍ഡും ഈ സമയം ഹോര്‍മുസില്‍ ഉണ്ടായിരുന്നെങ്കിലും ഈ കപ്പലിനുനേരെ ആക്രമണമുണ്ടായിട്ടില്ല. ഹോര്‍മുസിലെ നിയന്ത്രണം 10 ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ഇറാന്‍ ഇന്നലെ അറിയച്ചെങ്കിലും യുഎസിന്റെ ഉപരോധം തുടരുമെന്ന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മൂസില്‍ ഇറാന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് നാവിക ഉപരോധം തുടരുന്നതിലൂടെ യുഎസ് വാഗ്ദാനം ലംഘിച്ചതായി ഇറാന്‍ സൈനിക കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകള്‍ക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം കര്‍ശനമായ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം. ഈ സംഭവത്തിനു പിന്നാലെയാണ് ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ വെടിവയ്പ്പുണ്ടായത്. ഹോര്‍മൂസില്‍ നിയന്ത്രണം കടുക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

അതിനിടെ, ഇറാന്‍-യുഎസ് പ്രതിനിധികള്‍ തമ്മിലുള്ള രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ തിങ്കളാഴ്ച പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ഞായറാഴ്ച തന്നെ ഇസ്ലാമാബാദില്‍ എത്തിയേക്കും. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി രപാക് കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍ വ്യാഴാഴ്ച ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫുമായി ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗന്‍ എന്നിവര്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി.

Share This Post
Exit mobile version