
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് ആണെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗത്തിൽ കേരളം സർവ്വകാല റെക്കോർഡിലെത്തി.
അതേസമയം പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തിൽ റെക്കോർഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണ്.
പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്.
എസി, ഫാന്‍ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷന്‍ കുക്കര്‍ ഉപയോഗം വര്‍ധിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിക്കും. അതിനാല്‍ വൈദ്യൂതി ഉപയോഗത്തെ ബാധിക്കില്ലെന്നും ജനങ്ങള്‍ തന്നെ പീക്ക് അവറിലെ വൈദ്യൂതി ഉപയോഗം കുറക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
