
ടെഹ്‌റാന്‍: ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് വമ്പന്‍ നഷ്ടമായി യു.എസ് നാവികസേനയുടെ അത്യാധുനിക ഡ്രോണ്‍ തകര്‍ന്നു. എം.ക്യു 4-സി ട്രൈറ്റണ്‍ ഡ്രോണ്‍ തകര്‍ന്നതായി യു.എസ് നാവികസേന സ്ഥിരീകരിച്ചു. യു.എസ് നേവല്‍ സേഫ്റ്റി കമാന്‍ഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഡ്രോണ്‍ തകര്‍ന്നതായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ തകര്‍ന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.
നോര്‍ത്രോപ്പ് ഗ്രുമ്മന്‍ നിര്‍മിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില. ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണ് എം.ക്യു 4-സി ട്രൈറ്റണ്‍ ഡ്രോണിന്റെ തകര്‍ച്ച. 50,000 അടിക്ക് മുകളില്‍ ദീര്‍ഘനേരം തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്നതാണ് എം.ക്യു 4-സിയുടെ പ്രത്യേകത.
അതിനിടെ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി നേരത്തെ യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. അടുത്ത 72 മണിക്കൂറിനകം രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നടക്കുമെന്ന് ട്രംപ് അറിയിച്ചി്ട്ടുണ്ട്. പക്ഷേ, രണ്ടാംഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി പാകിസ്താനിലേക്ക് പോകാനിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ യാത്ര തത്കാലത്തേക്ക് മാറ്റിവച്ചു.
അതേസമയം, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തി ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്‍ തീരത്തേക്ക് മാറ്റിയതായി ഐആര്‍ജിസി അറിയിച്ചു. ഇതില്‍ ഒരു കപ്പല്‍ ദുബായില്‍നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര ഐആര്‍ജിസിയുടെ അനുമതിയോടെ ആയിരിക്കണമെന്നും സേന വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആര്‍ജിസി ചരക്കു കപ്പലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു. വെടിവയ്പ്പില്‍ കപ്പലിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.