Press Club Vartha

ആം ആദ്മി പാര്‍ട്ടി പിളര്‍ത്തി രാഘവ് ഛദ്ദ; മൂന്ന് എംപിമാരുമായി ബിജെപിയില്‍ ചേരും; പാര്‍ട്ടി വിട്ടത് ഏഴ് എംപിമാര്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാര്‍ട്ടി പിളര്‍ത്തി പുറത്തേക്ക്. ഛദ്ദ അടക്കം ഏഴ് രാജ്യസഭ എംപിമാര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു. ഇവരില്‍ മൂന്നുപേര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരാണ് ഛദ്ദയ്ക്ക് പുറമേ ബിജെപിയില്‍ ചേരുന്നത്. ഇതോടെ എഎപിയില്‍ വന്‍ പിളര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. വാര്‍ത്താസമ്മേളനം നടത്തിയാണ് എംപിമാര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൂടുതല്‍ എംപിമാര്‍ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു.

നല്‍കിയ ഉത്തരവാദിത്വം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഘവ് ഛദ്ദ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന് നന്ദി പറഞ്ഞതിനൊപ്പം രൂക്ഷമായ വിമര്‍ശനവും രാഘവ് ഛദ്ദ നടത്തി. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നല്‍കി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന എഎപി സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുപോയതായി അദ്ദേഹം ആരോപിച്ചു. ഇതുവരെ താന്‍ തെറ്റായ പാര്‍ട്ടിയിലാണ് തുടര്‍ന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞു.

നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ എഎപിയില്‍ നിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദ പറഞ്ഞത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഛദ്ദ ചോദിച്ചിരുന്നു.

Share This Post
Exit mobile version