Press Club Vartha

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട് സമാധാന ചര്‍ച്ച പാതിവഴിയില്‍ മുടങ്ങി. ചര്‍ച്ചകള്‍ക്കായി പാകിസ്താനിലേക്ക് പോകേണ്ടിയിരുന്ന യു.എസ് പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കിയതായി യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രിയും സംഘവും പാകിസ്താനില്‍ നിന്ന് മടങ്ങിയതിനു പിന്നാലെയാണ് യുഎസ് പ്രതിനിധി സംഘവും യാത്ര റദ്ദാക്കിയത്. തങ്ങള്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും പാകിസ്താനിലെത്തിയത് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമാണെന്നും അബ്ബാസ് അരാഗ്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച ശനിയാഴ്ച ഇസ്ലാമാബാദില്‍ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി യുഎസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നറും പാകിസ്താനിലെത്തുമെന്നും വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. എന്നാല്‍ യുഎസ് സംഘത്തെ കാണാതെ ഇറാന്‍ മടങ്ങുകയാണുണ്ടായത്. ഇറാന്‍ സംഘം പാകിസ്താനില്‍ നിന്ന് മസ്‌കത്തിലേക്കും തുടര്‍ന്ന് റഷ്യയിലേക്കും പോകും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാകിസ്താനില്‍ എത്തിയതെന്നായിരുന്നു അരാഗ്ഷി നേരത്തെ പറഞ്ഞിരുന്നത്.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സംയുക്ത പ്രതിരോധ മേധാവി അസിം മുനീര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അരാഗ്ഷി മടങ്ങുന്നത്. യുഎസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാകിസ്താന് കൈമാറിയതായും ഇറാന്‍ പറഞ്ഞു. യുഎസുമായുള്ള വെടിനിര്‍ത്തലിലെ ഏറ്റവും പുതിയ വിവരങ്ങള്‍ പാക് നേതാക്കളുമായി ചര്‍ച്ച ചെയ്‌തെന്നും അബ്ബാസ് അരാഗ്ഷി പ്രസ്താവനയില്‍ പറഞ്ഞു.

Share This Post
Exit mobile version