
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ വിമാനത്തിന്‍റെ എൻജിനാണ് തീപിടിച്ചത്. എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടേക്ക് ഓഫ് സമയത്താണ് സ്വിസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ടേക്ക്ഓഫിനിടെ ഒരു എഞ്ചിന് തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. എൻജിൻ തകരാറിനെത്തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം റൺവേയിൽ തന്നെ പൈലറ്റ് നിർത്തി. യാത്രക്കാരെ അടിയന്തരമായി എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിക്കുകയായിരുന്നു.
ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് യാത്രക്കാർക്ക് പരുക്കേറ്റത്. വിമാനത്തില്‍ 228 യാത്രക്കാരും നാല് നവജാതശിശുക്കളും ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അറിയിച്ചു.
