
ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്. ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ പിതാവ് എന്നാണ് റായ് അറിയപ്പെടുന്നത്.
ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത അപൂര്‍വ പ്രതിഭാശാലിയായിരുന്നു രഘു റായ്. ഡൽഹിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഡൽഹിയിലെ ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായ് ആണ് പകർത്തിയത്. ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെന്ന പേരും രഘു റായ് നേടി.
1965 മുതലാണ് റായ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം റായ്, ന്യൂ ദില്ലി പബ്ലിക്കേഷന്റെ പത്രസ്ഥാപനമായ ദി സ്റ്റേറ്റ്സ്മാനിൽ ജോലിയിൽ പ്രവേശിച്ചു. 1976-ൽ പത്രസ്ഥാപനത്തിലെ സേവനമുപേക്ഷിച്ച് ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി. 1982 മുതൽ 1992 വരെ ഇന്ത്യാ ടുഡേയിലെ ഛായാഗ്രഹണവിദ്യയുടെ അനുശാസകനായി സേവനമനുഷ്ഠിച്ചിരുന്നു. വേർഡ് പ്രസ്സ് ഫോട്ടോ മത്സരത്തിന്റെ ജൂറിയായി മൂന്നു തവണ ഇദ്ദേഹം നിയമിതനായിട്ടുണ്ട്.
1971-ൽ പത്മശ്രീ ലഭിച്ചു. 1971-ൽ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഹെന്റി കാർട്ടർ ബ്രസൻ ഇദ്ദേഹത്തിനെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലേക്ക് നാമനിർദ്ദേശം ചെയ്തു.
