
മുംബൈ: മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മുംബൈ പൈധോനിയിലാണ് സംഭവം. അബ്ദുള്ള ദൊക്കാര്‍ഡിയ(40), ഭാര്യ നസ്രീന്‍ ദൊക്കാര്‍ദിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു അത്താഴ വിരുന്നിനു ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയുമായിരുന്നു. അത്താഴ വിരുന്നില്‍ വച്ച് ബിരിയാണിയും പിന്നീട് നാലുപേരും തണ്ണിമത്തനും കഴിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്വസ്ഥതയുണ്ടായത്.
ഇക്കഴിഞ്ഞ കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രിയാണ് അത്താഴ വിരുന്ന് നടന്നത്. അടുത്ത ബന്ധുക്കളുള്‍പ്പെടെ ഒമ്പത് പേര്‍ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേര്‍ തണ്ണിമത്തന്‍ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രില്‍ 26-ന് പുലര്‍ച്ചെ അഞ്ചരയോടെ നാലുപേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള കടുത്ത അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം കുടുംബം ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ആദ്യം ഇളയ മകളും പിന്നാലെ പിതാവും മരിച്ചു. മാതാവും മൂത്ത മകളും ചികിത്സക്കിടെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ കാരണം അറിയണമെങ്കില്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.