
കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് അസ്ഥികൂടം കണ്ടത്. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്.
തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിൽ നിന്ന് ആണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെടുത്തത്. സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്നാണ് നിഗമനം.
ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒരു വര്‍ഷം മുന്‍പ് പ്രദേശത്ത് തന്നെ താമസിച്ചിരുന്ന ഒരു വ്യക്തിയെ കാണാതായിട്ടുണ്ടായിരുന്നു. ഈ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.
