Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹക്കൈനീട്ടം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന വിഷുദിനാഘോഷത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത് തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ. കണിത്തട്ടിനുള്ളില്‍ ഒരുക്കിയ വിഭവങ്ങള്‍ക്ക് മുന്നില്‍വച്ച് വെറ്റിലയിലാണ് സെന്ററിലെ എല്ലാ ഭിന്നശേഷി പരിശീലകര്‍ക്കും വിഷുകൈനീട്ടം നല്‍കിയത്.

ചടങ്ങില്‍ ചലച്ചിത്രതാരം രഞ്ജിത് സരോവര്‍ മുഖ്യാതിഥിയായി. വിഷുദിനാഘോഷം ആദിത്യവര്‍മ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നുകള്‍ ഇത്തവണത്തെ മികച്ച വിഷുക്കണിയായെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു.

കണികാണും നേരം എന്ന ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച എല്ലാ കലാപരിപാടികള്‍ക്കും സാക്ഷ്യം വഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഉപഹാരം നല്‍കി അദ്ദേഹത്തെയും രഞ്ജിത്തിനെയും ആദരിച്ചു. ചടങ്ങില്‍ ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിതാനായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version