
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. മുന്നണികളെല്ലാം വലിയ പ്രതീക്ഷയിലാണ്. ഇതിനിടെ ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. ആര്‍ക്കും തരംഗമുണ്ടാക്കാനാകില്ലെന്നാണ് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്.
കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകള്‍ വരെയാണ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കൂടാതെ എല്‍ഡിഎഫിന് 55 മുതല്‍ 73 വരെ സീറ്റും പ്രവചിക്കുന്നുണ്ട്. യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് എല്‍ഡിഎഫിന്റെ സീറ്റുകള്‍ ഉയരും എന്ന് സൂചന നല്‍കുന്ന ഏക സര്‍വേയാണ് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍. എന്‍ഡിഎയ്ക്ക് 3 മുതല്‍ 11 വരെ സീറ്റുകളും ലഭിച്ചേക്കാം എന്നും എക്‌സിറ്റ് പോള്‍ പ്രവചനത്തിൽ പറയുന്നു.
