
തിരുവനന്തപുരം: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടി എണ്ണവിതരമ കമ്പനികള്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് ഇത്ര വലിയ വിലവര്‍ധനവ് വരുത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതോടെ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടര്‍ വില 3,000 രൂപയ്ക്കു മുകളിലായി. കൊച്ചിയില്‍ 3,085 രൂപയാണ് വില. തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമായി വില ഉയര്‍ന്നു. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണ വര്‍ധനയില്ല.
ഗ്യാസ് വിലക്കയറ്റം ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വിലവര്‍ധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പശ്ചിമബംഗാള്‍, അസം, തമിഴ്നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എല്‍പിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകള്‍ അടച്ചിട്ടിരുന്നു. അതിനിടെയാണ് ഇടിത്തീപോലെ ഗ്യാസ് വിലക്കയറ്റം.