Press Club Vartha

തെരഞ്ഞെടുപ്പ് കഴിഞ്ഞതും കേന്ദ്രം തനിനിറം കാട്ടി; എല്‍പിജി വിലവര്‍ധനവില്‍ പ്രതിഷേധാഹ്വാനവുമായി സിപിഐഎം

തിരുവനന്തപുരം: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വില വര്‍ധനവിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപിക്ക് ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ല. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തനിനിറം പുറത്തുകാണിച്ചിരിക്കുകയാണ് സിപിഐഎം കുറ്റപ്പെടുത്തി.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നതില്‍ ബിജെപിക്ക് മാത്രമേ സംശയമില്ലാതിരിക്കൂവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇപ്പോള്‍തന്നെ വില കൂടിയിരിക്കുകയാണ്. ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്നത് ജനങ്ങള്‍ക്ക് താങ്ങാനാകാത്തതാകും. പെട്രോളിനും ഡീസലിനും ഗാര്‍ഹിക സിലിണ്ടറിനും കൂടി അടുത്ത ദിവസങ്ങളില്‍ വില കൂട്ടും എന്നാണ് റിപ്പോര്‍ട്ട്. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു.

Share This Post
Exit mobile version