
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗത്തിന് അന്ത്യം കുറിച്ച് ഗവര്‍ണര്‍ ബംഗാള്‍ നിയമസഭ പിരിച്ച് വിട്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്നോടിയായുള്ള നടപടിക്രമമായാണ് മുന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടത്. പുതിയ സര്‍ക്കാര്‍ 2026 മേയ് ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മമതാ ബാനര്‍ജി ഇതുവരെ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല.
ബംഗാളില്‍ തോല്‍വി അംഗീകരിക്കില്ലെന്നും താന്‍ രാജി വയ്ക്കില്ലെന്നുമായിരുന്നു മമത ബാനര്‍ജിയുടെ നിലപാട്. നൂറിലേറെ സീറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മോഷ്ടിച്ചതാണെന്നും ഇന്ത്യാ സഖ്യം കൂട്ടായ പോരാട്ടത്തിനിറങ്ങുമെന്നും മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചിരുന്നു. താനും പാര്‍ട്ടിയും തോറ്റിട്ടില്ലെന്നാണ് മമതയുടെ നിലപാട്. എസ്ഐആര്‍ വഴി ലക്ഷക്കണക്കിന് പേരുടെ വോട്ട് വെട്ടി.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടെന്നും നൂറിലേറെ സീറ്റില്‍ തിരിമറി നടന്നെന്നും മമത ആരോപിച്ചു.
ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും പക്ഷപാതം കാണിക്കുകയാണ് എന്നും മമത ആരോപിച്ചു. താന്‍ രാജി വയ്ക്കുന്ന ചോദ്യം ഉദിക്കുന്നില്ല. ലോക്ഭവനിലേക്ക് താന്‍ ഇല്ലെന്നും മമത അറിയിച്ചിട്ടുണ്ട്. ഇന്ത്യാസഖ്യം നേതാക്കള്‍ മമതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പോരാട്ടത്തിനായി ഇന്ത്യാ സഖ്യത്തെ ശക്തമാക്കാനാണ് നീക്കം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ മമതയുടെ അധികാരങ്ങള്‍ ഇല്ലാതാവും.