
ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ അതോ അപ്രതീക്ഷിതമായി എടപ്പാടി പളനിസ്വാമി എത്തുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഒപ്പം രാഷ്ട്രപതി ഭരണസാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. വിജയ് മുഖ്യമന്ത്രിയാകാതിരിക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും കൈ കോര്‍ക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇതിനായുള്ള അണിയറനീക്കങ്ങള്‍ തമിഴ്‌നാട്ടില്‍ സജീവമായി നടക്കുന്നുണ്ട്. സൂപ്പര്‍താരം രജനികാന്തും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രജനികാന്തും സ്റ്റാലിന്‍ അടക്കമുള്ള ഡിഎംകെ നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാര്‍ട്ടികളും വിസികെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടിവികെ. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്.
16 മണിക്കൂറിനിടെ രണ്ടാം വട്ടവും ലോക്ഭവനിലെത്തിയ വിജയ്, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ക്ഷണം കിട്ടാതെ നിരാശനായാണ് മടങ്ങിയത്. ടിവികെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എല്‍എമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സര്‍ക്കാര്‍ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അര്‍ലേക്കര്‍ ചോദിക്കുന്നത്. പിന്നാലെ സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ പാര്‍ട്ടികളെ തേടി ടിവികെ സംഘം എത്തി. 2 എംഎല്‍എമാര്‍ വീതമുള്ള ഈ നാലു പാര്‍ട്ടികള്‍ക്കും മന്ത്രിസഥാനവും എന്‍ഡിഎ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പുമാണ് ടിവികെ നല്‍കിയിട്ടുള്ളത്.
എഐഎഡിഎംകെയുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് വിജയ്‌യെ തടഞ്ഞ് വോട്ടര്‍മാരുടെ രോഷത്തിന് ഇരയാകാന്‍ ഡി എം കെ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിജയ്ക്ക് കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്നതിലാണ് ഡിഎംകെയില്‍ തര്‍ക്കം. എഐഎഡിഎംകെ – ഡിഎംകെ സഖ്യം വേണമെന്ന ആവശ്യവുമായി ഡഎംകെയിലെ മുതിര്‍ന്ന നേതാക്കളും കരുണാനിധി കുടുംബത്തിലെ ചില അധികാര കേന്ദ്രങ്ങളും സ്റ്റാലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന. വിജയ്ക്ക് അധികാരം ലഭിച്ചാല്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്നും, ഭൂരിപക്ഷം തെളിയിക്കാനാകാതെ തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ ടിവികെ തരംഗം ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.