Press Club Vartha

16 വർഷത്തെ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശിയായ പ്രേമലതയ്ക്കും കുടുംബത്തിനും നീതി ലഭിച്ചു

തിരുവനന്തപുരം: നീണ്ട പതിനാറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശികളായ പ്രേമലത, ഭർത്താവ് വേണുഗോപാൽ നായർ, മക്കളായ ശബരി, ശ്യാമ എന്നിവർക്ക് നീതി ലഭിച്ചു. വീടുപണിയുടെ ഭാഗമായി കല്ലിറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 2010 മെയ് 6-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ ബി.ജെ.പി-ബി.എം.എസ് പ്രവർത്തകരുടെ കല്ലിറക്കൽ തടഞ്ഞുവെന്നാണ് കേസ്.

നിർധന കുടുംബമായ വേണുഗോപാൽ നായരുടെ കുടുംബത്തിന് അന്നത്തെ സർക്കാർ ഇ.എം.എസ് ഭവനപദ്ധതി പ്രകാരം വീട് അനുവദിച്ചിരുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിട നിർമാണ സാമഗ്രികളും കല്ലുകളും സ്ഥലത്തെത്തിച്ചപ്പോൾ, പണം ഇല്ലാത്തതിനാൽ ഇവർ സ്വയം കല്ലിറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് പ്രദേശത്തെ ബി.ജെ.പി-ബി.എം.എസ് പ്രവർത്തകർ തടയുകയും ഈ തർക്കം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയുമായിരുന്നു.

പ്രദേശത്തെ ബി.ജെ.പി-ബി.എം.എസ് പ്രവർത്തകരായ മധുസൂദനൻ നായർ (കൊച്ചുമണി), ശശിധരൻ നായർ, സുരേന്ദ്രൻ നായർ, മനോഹരൻ (അമ്പിളി ), അശോകൻ എന്നിവർ ചേർന്നാണ് കല്ലിറക്കൽ തടഞ്ഞത്. തൊഴിലാളികൾക്ക് പണം നൽകാൻ കഴിയാത്തതിനാൽ തങ്ങൾ തന്നെ കല്ലിറക്കാൻ അനുവദിക്കണമെന്ന് പ്രേമലതയും വേണുഗോപാലൻ നായരും അഭ്യർത്ഥിച്ചെങ്കിലും ബി.ജെ.പി-ബി.എം.എസ് പ്രവർത്തകർ ഇത് തടയുകയായിരുന്നു. തുടർന്ന് ഇവരെ മർദിക്കുകയും ചെയ്തു. പ്രതികൾ അനധികൃതമായി ഇടപെടരുത് എന്ന് ലേബർ ഓഫീസറുടെ ഉത്തരവ് ഉണ്ടായിരിന്നിട്ടും കടന്നുകയറിയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ പ്രേമലതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടിവയറ്റിൽ ചവിട്ടേറ്റതും കല്ലുകൊണ്ട് ഇടിക്കപ്പെട്ടതുമൂലം ദീർഘകാലം ചികിത്സ തേടേണ്ടി വന്നു. വേണുഗോപാലൻ നായർക്കും ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദനമേറ്റതായി പരാതിയിൽ പറയുന്നു. മാത്രമല്ല അന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്ന ശബരിയെയും ശ്യാമയെയും ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതികളെ ആറാം ദിവസം അറസ്റ്റ് ചെയ്തു. പിന്നീട് പ്രതികൾ 14 ദിവസം റിമാൻഡിലായ ശേഷം ജാമ്യത്തിൽ ഇറങ്ങുകയും പ്രേമലതയ്ക്കും കുടുംബത്തിനുമെതിരെ കള്ളപരാതി നൽകി തിരിച്ചും കേസുകൾ രജിസ്റ്റർ ചെയ്യിച്ചതോടെ കുടുംബം നീണ്ട നിയമ പോരാട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.

ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിലായി വർഷങ്ങളോളം കേസ് നീണ്ടു. ഒടുവിൽ തിരുവനന്തപുരം പോക്സോ കോടതിയുടെ പരിഗണനയിലെത്തിയ കേസിൽ വിശദമായ വിചാരണക്കൊടുവിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ കോടതി കണ്ടെത്തി.

പോത്തൻകോട് മൈപ്പറമ്പ് വീട്ടിൽ മധുസൂദനൻ നായർ (കൊച്ചുമണി), ആയിരുപ്പാറ പ്ലാമൂട് ഷാജു ഭവനിൽ ശശിധരൻ നായർ, മഠത്തിൽ കുളങ്ങര SR ഭവനിൽ സുരേന്ദ്രൻ നായർ, ആയിരുപ്പാറ തിപ്പലിക്കോണം വീട്ടിൽ മനോഹരൻ (അമ്പിളി), മഠത്തിൽകുളങ്ങര വീട്ടിൽ അശോകൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷാനടപടികൾ പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളിലായി 8 വർഷത്തോളം ജയിൽ ശിക്ഷയും ഫൈനും കോടതി വിധിച്ചു. അതേസമയം പ്രേമലതയ്ക്കും വേണുഗോപാലൻ നായർക്കുമെതിരെ പ്രതികൾ നൽകിയ കേസ് കള്ളമാണെന്ന് കണ്ടെത്തി കോടതി ഇവരെ വെറുതെ വിടുകയും ചെയ്തു.

Share This Post
Exit mobile version