
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തേില്‍ യുഎസുമായി സമാധാന കരാര്‍ ഒപ്പിടുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തള്ളി ഇറാനിലെ ‘സൂപ്പര്‍ വിപ്ലവകാരി’കള്‍ എന്നറിയപ്പെടുന്ന വിഭാഗം. ഇറാനിലെ അതിതീവ്ര യാഥാസ്ഥിതിക വിഭാഗമായ ‘ജെബ്‌ഹെ-യെ പായ്ദാരി’യാണ് സമാധാന ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ചര്‍ച്ചകളിലൂടെയല്ല, മറിച്ച് അമേരിക്കയെ പരാജയപ്പെടുത്തിക്കൊണ്ട് മാത്രമേ ഇറാന്‍ കരാറുകളില്‍ ഒപ്പിടാവൂ എന്നാണ് ഈ യാഥാസ്ഥിതിക വാദികളുടെ ആവശ്യം. നിലവിലെ ചര്‍ച്ചകള്‍ക്കെതിരെ രാജ്യവ്യാപകമായി ഇവര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
‘സൂപ്പര്‍ വിപ്ലവകാരികള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിഭാഗം, പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മരണത്തിനു പിന്നാലെയാണ് ഇറാന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനില്‍ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് വലിയ റാലികളാണ് ഈ വിഭാഗം സംഘടിപ്പിക്കുന്നത്. അമേരിക്കയുമായും ഇസ്രയേലുമായും ഉള്ള പോരാട്ടം നിത്യയുദ്ധമായി കാണുന്ന ഇവര്‍, ഷിയാ ഭരണകൂടത്തിന്റെ നിലനില്‍പ്പിനായി വിട്ടുവീഴ്ചയില്ലാത്ത മതപരമായ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും മുഖ്യ ചര്‍ച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഗര്‍ ഘാലിബാഫിനെയും ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
ഇറാനിലെ രാഷ്ട്രീയ-മത സ്ഥാപനങ്ങളിലും മാധ്യമങ്ങളിലും ജെബ്‌ഹെ-യെ പായ്ദാരിക്ക് വലിയ സ്വാധീനമുണ്ട്. ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ സയീദ് ജലീലിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.3 കോടി വോട്ടുകള്‍ ലഭിച്ചിരുന്നതായും പറയപ്പെടുന്നു. ചര്‍ച്ചാ സംഘത്തിലെ ഏഴ് അംഗങ്ങള്‍ സര്‍ക്കാരിനു പിന്തുണ നല്‍കുന്ന പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് ഭരണകൂടത്തിനുള്ളിലെ ഭിന്നത വ്യക്തമാക്കുന്നു.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്ത്രപരമായ പിഴവാണെന്ന് ഇവര്‍ വാദിക്കുന്നു. ഇറാനിലെ മറ്റ് യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, നിലവിലെ ഭരണകൂടത്തിന് ഈ തീവ്ര നിലപാടുകാര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.