
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന 28 കാരിയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
ഓട്ടോഡ്രൈവറായ പത്തനംതിട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. ഇന്നലെ രാത്രിയോടെയാണ് ഇയാളെ അടൂർ പോലീസ് പിടികൂടിയത്.
ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസ്ത്രശാലയിൽ പോകാൻ വിനോദിന്‍റെ ഓട്ടോയാണ് യുവതി തെരഞ്ഞെടുത്തത്. യാത്രയ്ക്കിടെ ലൈസൻസ് എടുക്കാൻ മറന്നുപോയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നിർബന്ധിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
മാത്രമല്ല പ്രതി പീഡന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. നഗ്‌ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി പറയുന്നു. ഇയാള്‍ക്കെതിരെ യുവതി ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
