Press Club Vartha

പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് -ബിജെപി ഡീൽ നടന്നുവെന്ന ആരോപണവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചുനല്‍കിയെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. പത്തനാപുരത്തെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻഡിഎ മുന്നണി ഇല്ലായിരുന്നുവെന്നും യുഡിഎഫ് -ബിജെപി ഡീലിന്‍റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫിന് എതിരേ പ്രവർത്തിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ
……………………………
2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവിന് ലഭിച്ച വോട്ട് 11,700. 2021 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് 12,398. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്. ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം മൂന്ന് സീറ്റുകളില്‍ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം. അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി-ട്വന്റി പാര്‍ട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പല പഞ്ചായത്ത് വാര്‍ഡുകളില്‍ പോലും വോട്ടുകള്‍ രണ്ടക്കം കടക്കുവാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എന്‍ഡിഎ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ്-ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എല്‍ഡിഎഫിന് എതിരെ പ്രവര്‍ത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തില്‍ ട്വന്റി-ട്വന്റിക്ക് സീറ്റ് നല്‍കിയത് വഴി അവരുടെ ഡീല്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് ഷെയറുകള്‍ നോക്കിയാല്‍ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍ഡിഎഫാണ്. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല.
Share This Post
Exit mobile version