
റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിൻ്റെ മോചനം ഉടൻ ഉണ്ടാവുമെന്ന് റിപ്പോർട്ട്. ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി മെയ് 19ന് പൂർത്തിയാകും. അതോടെ അഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. അതോടെ സൗദി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാൻ ഈ മാസം ഇരുപതിന് അബ്ദുൽ റഹീം നാട്ടിലെത്തും.
കൊല്ലപ്പെട്ട ബാലന്റെ കുടുംബം മാപ്പ് നൽകിയതിനെത്തുടർന്ന് വധശിക്ഷ റദ്ദാക്കിയതോടെ, 20 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി റഹീം ഉടൻ മോചിതനാകുക. ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസ്സി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. തന്റെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ വാഹനത്തിൽ വെച്ച് മനപ്പൂർവം കൊലപ്പെടുത്തി എന്ന കുറ്റമാണ് അബ്ദുറഹീമിന് മേൽ ചുമത്തിയത്. ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്.
