
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 2.86 രൂപ മുതല്‍ 3.29 രൂപ വരെയാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലീറ്ററിന് 110.75 രൂപയാകും. ഡീസലിന് 99.63 രൂപയും. ചെന്നൈയില്‍ പെട്രോള്‍ ലീറ്ററിന് 103.67 രൂപയും ഡീസല്‍ ലീറ്ററിന് 99.25 രൂപയുമായി ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോളിന് 97.7 രൂപയും ഡീസലിന് 95.25 രൂപയുമാണ് വില. സിഎന്‍ജി വില കിലോ രണ്ട് രൂപയും കൂട്ടി.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ തുടരുന്നതിനിടെയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വര്‍ധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.