Press Club Vartha

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരനായ പ്രൊഫസര്‍ അറസ്റ്റില്‍; കേസില്‍ പുതിയ വഴിത്തിരിവ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പുതിയ വഴിത്തിരിവുമായി നിര്‍ണായക അറസ്റ്റ്. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന കോളജ് പ്രൊഫസറെ സിബിഐ അറസ്റ്റ് ചെയ്തു. ലത്തൂര്‍ ദയാനന്ദ സയന്‍സ് കോളജിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുല്‍ക്കര്‍ണിയാണ് പിടിയിലായത്. പുണെയില്‍ നിന്നാണ് കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തതെന്ന് പറയപ്പെടുന്നു. ഈ വര്‍ഷത്തെ നീറ്റ് യുജി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് നിയോഗിച്ച സമിതിയില്‍ ഇയാളും അംഗമായിരുന്നെന്നാണ് വിവരം. ഇതോടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)ക്ക് ഉള്ളിലുള്ളവര്‍ തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന സംശയം ബലപ്പെടുകയാണ്.

കുല്‍ക്കര്‍ണിയുടെ അറസ്‌റ്റോടെ അന്വേഷണം മറ്റൊരു വഴിത്തിരിവിലെത്തിയതായും അന്വേഷണോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സാധ്യതാ ചോദ്യപേപ്പര്‍ എന്ന നിലയില്‍ ഏപ്രില്‍ അവസാനത്തോടെ തന്നെ കുല്‍ക്കര്‍ണി നീറ്റ് പരീക്ഷയുടെ ഔദ്യോഗിക ചോദ്യപേപ്പര്‍ കുല്‍ക്കര്‍ണി പ്രചരിപ്പിച്ചിരുന്നു. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മനീഷ വാഗ്മാരെ വഴിയാണ് ഇയാള്‍ ചോദ്യപേപ്പര്‍ കുട്ടികളിലേക്ക് എത്തിച്ചതെന്നും പറയപ്പെടുന്നുണ്ട്. പുണെയിലെ വസതിയില്‍ വച്ച് ലക്ഷങ്ങള്‍ ഫീസ് വാങ്ങി ഇയാള്‍ നീറ്റ് പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനവും ലഭിച്ചിരുന്നതായി വിവരമുണ്ട്. മനീഷ ഇയാള്‍ കുട്ടികളെയും കണ്ടെത്തിയത്. പരിശീലനത്തിനു പുറമേ ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സിബിഐയുടെ അന്വേഷണവും പരിശോധനകളും തുടരുകയാണ്. ഇതിനകം 150-ഓളം പേരെയാണ് സിബിഐ ചോദ്യംചെയ്തത്. 40-ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പലരും വിദ്യാര്‍ഥികളാണ്. ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇവരില്‍ പലരെയും വിട്ടയച്ചു. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ഫോണുകളും രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞദിവസം രാജസ്ഥാനില്‍നിന്ന് അറസ്റ്റിലായ സഹോദരങ്ങളില്‍ ഒരാളുടെ മകനും വെള്ളിയാഴ്ച കേസില്‍ അറസ്റ്റിലായി. സഹോദരങ്ങളായ ദിനേശ് ഭിവാല്‍, മങ്കിലാല്‍ ഭിവാല്‍ എന്നിവര്‍ക്ക് പിന്നാലെ മങ്കിലാലിന്റെ മകന്‍ വികാസിനെയാണ് സിബിഐ അറസ്റ്റ്ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ രാകേഷ് കുമാര്‍ എന്ന ‘രാകേഷ് സര്‍’ ഭിവാല്‍ സഹോദരങ്ങളില്‍നിന്നാണ് ‘സാധ്യത ചോദ്യപേപ്പര്‍’ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 15 ലക്ഷം രൂപയ്ക്ക് ഭിവാല്‍ സഹോദരങ്ങളില്‍ നിന്ന് വാങ്ങിയ ചോദ്യപേപ്പര്‍ വിവിധ കോച്ചിങ് സെന്ററുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ ഈടാക്കി വില്‍പ്പന നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Share This Post
Exit mobile version