
ഡൽഹി: നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് റിപ്പോർട്ട്. എൻടിഎയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് പുതിയ തിയതി പ്രഖ്യാപിച്ചത്.
ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. 24 ലക്ഷത്തോളം പേരായിരുന്നു നീറ്റ് പരീക്ഷ എഴുതിയിരുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഉന്നതല യോഗം ചേർന്നാണ് പുതിയ തിയ്യതി തീരുമാനിച്ചത്. പുനഃപരീക്ഷ വിജ്ഞാപനം ഇറക്കിയതിനു പിന്നാലെ ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ട. അധിക ഫീസ് അടക്കേണ്ട. എൻടിഎയുടെ സ്വന്തം സംവിധാനത്തിലായിരിക്കും പരീക്ഷ നടത്തിപ്പ്.
