Press Club Vartha

ഇറാനെ ഇന്ന് ആക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിന്റെയും സൗദി അറേബ്യയുടെയും യുഎഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ചൊവ്വാഴ്ച നടക്കാനിരുന്ന ആക്രമണം മാറ്റിവച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി ഇറാൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിൻ്റെ പൊടുന്നനെയുള്ള സോഷ്യൽ മീഡിയ പ്രഖ്യാപനം പുറത്ത് വന്നത്. സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇന്ന് ഇറാനെ ആക്രമിക്കാനായിരുന്നു ട്രംപിൻ്റെ നീക്കം.

സ്വീകാര്യമായ കരാറില്‍ എത്തിച്ചേരാനായില്ലെങ്കില്‍ ഇറാനെതിരെ പൂര്‍ണ്ണ ആക്രമണം നടത്താന്‍ തയ്യാറാകണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ട്രംപ് വ്യക്തമാക്കി. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ഇറാനുമായി സംസാരിക്കുന്ന പശ്ചാത്തലത്തിൽ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. യുഎസിന് സ്വീകാര്യമായ ഒരു കരാർ ഉണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി.

പരിഷ്‌കരിച്ച 14 ഇന സമാധാന നിര്‍ദ്ദേശം പാകിസ്താന്‍ വഴി ഇറാന്‍ അമേരിക്കയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് ട്രംപിന്റെ നിര്‍ദ്ദേശം. ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് പ്രധാന കരാറിലെ പ്രധാന നിബന്ധനയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറയുന്നു.

Share This Post
Exit mobile version