Press Club Vartha

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി.

മെയ് 15-ന് ഇന്ധനവിലയിൽ 3 രൂപയുടെ വർധനവ് ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ മാറ്റം. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 87 പൈസ വർധിച്ച് 98.64 രൂപയായും ഡീസൽ 91 പൈസ വർധിച്ച് 91.58 രൂപയായും ഉയർന്നു.

കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു. കഴിഞ്ഞ ദിവസം സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. അസംസ്‌കൃത എണ്ണ, പിഎന്‍ജി, എല്‍പിജി എന്നിവ മതിയായ അളവില്‍ ലഭ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

Share This Post
Exit mobile version