Press Club Vartha

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണതലസ്ഥാനമായ തിരുവനന്തപുരത്തെ വിജ്ഞാന-സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതില്‍ ടെക്നോപാര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. ‘ആസ്പയര്‍: ഇന്നൊവേഷന്‍ സ്റ്റോറീസ്’ എന്ന ടെക്നോപാര്‍ക്ക് വോഡ്കാസ്റ്റ് പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട സംരംഭങ്ങള്‍ക്ക് കേരളം അനുയോജ്യമല്ലെന്നുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ധാരണയെ മാറ്റിമറിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. പാര്‍ക്കായ ടെക്നോപാര്‍ക്കിന് സാധിച്ചു.

പ്രകൃതിദത്തമായ ചുറ്റുപാടുകള്‍ക്കൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍, കണക്റ്റിവിറ്റി എന്നിവയും തിരുവനന്തപുരത്തിന്‍റെ മേന്‍മകളാണ്.

‘സംരംഭങ്ങള്‍ക്ക് എങ്ങനെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നതിന്‍റെ ഒരു മികച്ച ഉദാഹരണമായി ടെക്നോപാര്‍ക്ക് മാറിയിരിക്കുന്നു. ടെക്നോപാര്‍ക്ക് സ്ഥാപിതമായി 35 വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും തൊഴിലാളി സമരമോ ഹര്‍ത്താലോ കാരണം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ടെക്നോപാര്‍ക്കില്‍ മാതൃകാപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ ഒരു തൊഴില്‍ സംസ്കാരം ഉണ്ടായി വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2026 ലെ കണക്കുകള്‍ പ്രകാരം മനുഷ്യവികസന സൂചികയിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം ഒന്നാം സ്ഥാനത്തെത്തിയതായി അദ്ദേഹം പറഞ്ഞു. 1980 കള്‍ വരെ സാമ്പത്തിക വളര്‍ച്ച കുറവായിരുന്നു. എന്നാല്‍ അപ്പോഴും സംസ്ഥാനത്തിന് ഉയര്‍ന്ന മാനവവികസന സൂചികകളുണ്ടായിരുന്നു. ഗള്‍ഫ് മലയാളികളുടെ പണം സംസ്ഥാനത്തേക്ക് എത്തുക വഴി 1990 കള്‍ മുതല്‍ സാമ്പത്തിക കുതിപ്പ് ആരംഭിച്ചു.

കുടിയേറ്റവും മറ്റ് നാടുകള്‍ പരിചയപ്പെടാനുള്ള ആഗ്രഹവും മലയാളികളുടെ ജീനിലുള്ളതാണ്. ഇപ്പോള്‍ കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷന്‍ നടക്കുന്നുണ്ട്. വിദേശത്ത് പഠിക്കുന്ന യുവജനങ്ങള്‍ ഇവിടേക്ക് തിരിച്ചുവരുന്നു. ഐടി ആവാസവ്യവസ്ഥയില്‍ ആഗോള നിലവാരത്തിന് അനുസൃതമായി മികച്ച സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ടെക്നോപാര്‍ക്ക്. മറ്റ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയവര്‍ക്ക് തിരിച്ചുവന്ന് ജോലി ചെയ്യാനാകും വിധം കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ മാധ്യമങ്ങളും ടെക്നോപാര്‍ക്കുമായി ഒരു സുസ്ഥിരബന്ധം ആവശ്യമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാണെന്നും സമൂഹ നന്‍മയ്ക്കായി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവജനങ്ങള്‍ സ്വയം സജ്ജരാകുകയും സ്പെഷ്യലൈസേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനൊപ്പം അറിവ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Post
Exit mobile version