
ഡൽഹി: ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. കർശന ഉപാധികളോടെ ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയ്ൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്.
കർശന ഉപാധികളോടെയാണ് അനുമതി. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫോണ്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉപാധിയിൽ നിർദേശിക്കുന്നു.
ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങാനാവുക. ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ഇക്കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
തന്‍റെ അമ്മാവന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ജൂൺ 2ന് അമ്മയുടെ ശസ്ത്രിക്രിയ നടക്കുന്നതും കണക്കിലെടുത്ത് 15 ദിവസം ജാമ‍്യം അനുവദിക്കണമെന്നായിരുന്നു ഉമർ ഖാലിദിന്‍റെ ആവശ‍്യം. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഡാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്.
