
വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. സമീപത്ത് കൂടെ പോയ വഴിയാത്രക്കാരനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
സംഭവ സമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. 30ഓളം തവണ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമി വൈറ്റ് ഹൗസിന്റെ ചെക്ക് പോയിന്റിന് സമീപത്തേക്ക് വെടിയുതിർത്ത് വരികയായിരുന്നു. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. 21 വയസുകാരനായ നാസിർ ബെസ്റ്റ് ആണ് അക്രമം നടത്തിയതെന്ന് പ്രമുഖ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാൾ കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നതായും താൻ യേശുക്രിസ്തുവിന്‍റെ പുനർജന്മമാണെന്ന് വിശ്വസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
