
തിരുവനന്തപുരം: തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി. മേയറുടെ കർശന നിർദേശത്തെ തുടർന്നായിരുന്നു നടപടി. നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ ചില അനധികൃത നിർമാണങ്ങൾ ഇന്ന് പൊളിച്ചുനീക്കി.
വരും ദിവസങ്ങളിൽ കൂടുതൽ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കുമെന്ന് കോർപ്പറേഷൻ മേയർ വി വി രാജേഷ് പറഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയോടെയായിരുന്നു നഗരസഭയുടെ നടപടി.
രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ നിന്നുള്ള സ്പെഷ്യൽ സ്ക്വാഡാണ് നിയമ വിരുദ്ധ നിർമ്മാണങ്ങൾ പൊളിച്ച് തുടങ്ങിയത്. ഇവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ആരും ഒഴിഞ്ഞിരുന്നില്ല. തുടർന്നാണ് നടപടി. അനധികൃതമായ പണപ്പിരിവ് തടയാനും കോർപ്പറേഷൻ നടപടികൾ പുരോഗമിക്കുന്നുണ്ട്.
