Press Club Vartha

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് 6 മാസം തടവുശിക്ഷ

ഡൽഹി: ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ വിധിച്ചു. സിംഗപ്പുർ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസിലാണ് നടപടി.തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ സിംഗപ്പൂർ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബോധപൂർവ്വം അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ഈ കർശന നടപടി.

ഉടൻ സിങ്കപ്പൂരിലെ കോടതിയിൽ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) നിയമപരമായ ചിലവായി കോടതിയിൽ അടക്കാനും വിധിയിൽ ആവശ്യപ്പെട്ടു. 2024 മുതൽ സ്വത്തുമായി ബന്ധപ്പെട്ട നിരവധി ഉത്തരവുകൾ ബൈജു ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

കൂടാതെ ബൈജൂസുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് സ്ഥാപനമായ ‘ബീയാർ ഇൻവെസ്റ്റ്‌കോ’യുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ ബൈജു രവീന്ദ്രൻ എവിടെയാണെന്നതിൽ വ്യക്തതയില്ല. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി.

Share This Post
Exit mobile version