
തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്‍റെയും (ടിപിഎല്‍) ടെക്നോപാര്‍ക്ക് വിമന്‍സ് ക്രിക്കറ്റ് ലീഗിന്‍റെയും (ടിഡബ്ല്യുസിഎല്‍) സെമിഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ ആദ്യവാരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കും.
ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് ടിപിഎല്‍ 2026, ടിഡബ്ല്യുസിഎല്‍ 2026 എന്നിവ സംഘടിപ്പിക്കുന്നത്.
നാല് മാസം നീണ്ടുനില്‍ക്കുന്ന 8 ഓവര്‍-എ-സൈഡ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തില്‍ (ടിപിഎല്‍) 174 ടീമുകളും വനിതാ വിഭാഗത്തില്‍ (ടിഡബ്ല്യുസിഎല്‍) 24 ടീമുകളുമാണ് പങ്കെടുക്കുന്നത്. ഫേവറിറ്റ് ഹോംസുമായി സഹകരിച്ചാണ് പ്രതിധ്വനി ടിപിഎല്‍ 2026 സംഘടിപ്പിക്കുന്നത്.
ടിപിഎല്‍ 2026 ലെ ആദ്യ സെമിഫൈനലില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ബ്ലൂസ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഗ്രീനിനെ നേരിടും. രണ്ടാം സെമിഫൈനലില്‍ ഇന്‍ഫോസിസ് റെഡ്സ് യുഎസ്ടി ബ്ലൂവിനെ നേരിടും.
ടിഡബ്ല്യുസിഎല്‍ 2026 സെമിഫൈനലില്‍ ട്രിന്‍ഫൈ മാവെറിക്സ് (ഇന്‍ഫോസിസ്) ഗൈഡ്ഹൗസ് വൈറ്റിനെയും, രണ്ടാം സെമിയില്‍ ടിസിഎസ് വൈറ്റ്സ് യുഎസ്ടി ജിസിസിയെയും നേരിടും.
കഴിഞ്ഞ വര്‍ഷത്തെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പുരുഷ വിഭാഗത്തില്‍ ക്യുബര്‍സ്റ്റും വനിതാ വിഭാഗത്തില്‍ ഇന്‍ഫോസിസും ജേതാക്കളായി.
ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കില്‍ 2001 ല്‍ ആരംഭിച്ച ടിപിഎലില്‍ ഐടി കമ്പനികളിലെ ടീമുകളുടെ മികച്ച പങ്കാളിത്തമാണുള്ളത്. ഇതിലൂടെ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായി മാറാന്‍ ടിപിഎലിനായി.
